|
|
Blog Details
07/05/2024
Nakshatraphalam

അശ്വതി നക്ഷത്രത്തിൽ ജനിച്ചവർ പൊതുവെ സൗന്ദര്യവും ആരോഗ്യവും ഉള്ളവരാണ്. ബുദ്ധി സാമർത്ഥ്യവും കഴിവും അവർക്ക് കൂടിയിരിക്കും. ഓർമ്മശക്തി കൊണ്ട് അനുഗ്രഹീതമായ ഇവർക്ക് കാര്യങ്ങൾ അപഗ്രഥിച്ചു പഠിക്കാനും സമചിത്തതയോടെ തീരുമാനങ്ങൾ എടുക്കാനും അസാധാരണമായ കഴിവ് ഉള്ളതായാണ് കാണപ്പെടുന്നത്. ഗംഭീരമായ മുഖഭാവം, വലിയ നെറ്റി, നീണ്ട മൂക്ക് തുടങ്ങിയവ പ്രത്യേകതകളത്രേ. തീരുമാനങ്ങൾ എടുക്കാൻ അല്പം താമസം വന്നെന്നു വരാം. പക്ഷെ എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്ന സ്വഭാവമാണ് ഇവർക്കുള്ളത്. ബുദ്ധിമുട്ടുകളും കഷ്ട നഷ്ടങ്ങളും ഉണ്ടായാലും ആ തീരുമാനത്തിൽ നിന്ന് മാറാൻ അവർ തയ്യാറാകില്ല. മറ്റാരുടെയും സമ്മർദ്ദത്തിനു അവർ വഴങ്ങാറില്ല. സ്നേഹം തോന്നുന്നവർക്കുവേണ്ടി എന്തു ത്യാഗം ചെയയാനും സന്നദ്ധത കാണിക്കും. പ്രതികൂല സാഹചര്യങ്ങളിൽ പോലും സമചിത്തത പാലിക്കുക ഇവരുടെ പ്രത്യേകതയാണ്. അന്യർക്ക് ഉപദേശം കൊടുക്കാനും ദുഖിതരെ സമാധാനിപ്പിക്കാനും അസാധാരണമായ കഴിവ് ഈ നാളിൽ ജനിച്ചവർക്കുണ്ടാകും. പക്ഷെ സ്വന്തം കാര്യങ്ങളിൽ അന്യരുടെ ഉപദേശങ്ങൾ പരിഗണിച്ചെന്നു വരികയില്ല. ആചാര്യ മര്യാദകൾ പാലിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കും. സ്വന്തം കാര്യങ്ങളിൽ തികഞ്ഞ യാഥാസ്തികത്വം പാലിക്കും. യുക്തിക്ക് നിരക്കാത്ത ഒന്നും അംഗീകരിച്ചെന്നു വരികയില്ല.

 

നിരൂപണ ബുദ്ധിയോടെ കാര്യങ്ങൾ നോക്കിക്കാണാൻ ഒരു പ്രത്യേക കഴിവ് പ്രകടിപ്പിക്കും. സാഹിത്യം, സംഗീതം, ചിത്ര രചന, വാദ്യോപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവയിൽ വാസനയുണ്ടാകും. അതിലേതെങ്കിലും പരിശീലനം നേടിയാൽ വിജയിക്കും. ആശങ്കയും ആകുലചിന്തകളും മനസ്സിനെ എപ്പോഴും അലട്ടികൊണ്ടിരിക്കും. കുടുംബാംഗങ്ങളുമായി അടുപ്പക്കുറവുണ്ടാകാം. കുടുംബത്തിൽ നിന്നും മാതാപിതാക്കളിൽ നിന്നും കാര്യമായ പ്രയോജനം സിദ്ധിച്ചെന്നു വരികയില്ല. സ്വന്തം പരിശ്രമം കൊണ്ടായിരിക്കും ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാവുക. സാന്പത്തികമായി ചെലവു നിയന്ത്രിക്കാൻ ശ്രമിക്കുമെങ്കിലും അതിൽ അധികമൊന്നും വിജയിച്ചെന്നു വരികയില്ല.

 

ഉദരരോഗങ്ങൾ, വാതം, ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ ഉണ്ടാകാവുന്നതാണ്. ഔഷധങ്ങൾ ഉപയോഗിക്കാൻ മടി കാണിക്കും. പ്രകൃതിക്കനുസരിച്ചു ജീവിക്കാനും അങ്ങനെ രോഗ ശാന്തി വരുത്താനും ശ്രമിക്കും. ഏകദേശം മൂന്നര വയസ്സുവരെ കൂടുതലായി രോഗപീഡകൾ ഉണ്ടാകും. അതിനുശേഷം ഇരുപത്തിമൂന്നര വയസ്സുവരെയുള്ള കാലം പൊതുവെ മെച്ചമായിരിക്കും. ഇരുപത്തിമൂന്നര വയസ്സു മുതൽ ഇരുപത്തി ഒൻപത് വയസ്സു വരെയുള്ള കാലം അദ്ധ്വാന കൂടുതലും അസ്വസ്ഥതയും നിറഞ്ഞതായിരിക്കും. പക്ഷെ ഈ കാലത്ത് ഭാവി ജീവിതത്തിന് ഉപകരിക്കുന്ന പലതും ചെയയാൻ കഴിഞ്ഞെന്നു വരാം. ഇരുപത്തി ഒൻപത് വയസ്സു മുതൽ മുപ്പത്തി ഒൻപത് വരെയുള്ള കാലം പൊതുവെ അഭിവൃദ്ധിപരമാണ്. തുടർന്ന് നാല്പത്തി ആറര വയസ്സു വരെയുള്ള കാലത്ത് ധനാഭിവൃദ്ധി ഉണ്ടാകുമെങ്കിലും ആരോഗ്യം അത്ര മെച്ചമായിരിക്കുകയില്ല. അതിനു ശേഷം അറുപത്തി നാലര വയസ്സുവരെ സാന്പത്തിക നേട്ടങ്ങൾ വരാവുന്ന കാലമാണ്. പക്ഷെ ആരോഗ്യ പ്രശ്നങ്ങൾ കുറെയെങ്കിലും അലട്ടിക്കൊണ്ടിരിക്കും. അറുപത്തി നാലര വയസ്സിനു ശേഷം പൊതുവെ ശാന്തവും സന്തോഷപൂർണ്ണവുമായ ജീവിതം നയിക്കാൻ സാഹചര്യമുണ്ടാകും.

 

BHARANI

അധികം സംസാരിക്കാത്തവരും അന്യരുടെ കാരങ്ങളിൽ കഴിവതും ഇടപെടാതെ കഴിയാൻ ആഗ്രഹിക്കുന്നവരുമായിട്ടാണ് ഇവർ കാണപ്പെടുക. സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കും. അന്യരുടെ അഭിപ്രായമനുസരിച്ച് സ്വന്തം അഭിപ്രായത്തിൽ മാറ്റം വരുത്താൻ സാധാരണഗതിയിൽ അവർ തയാറാവുകയില്ല. പെരുമാറ്റത്തിൽ അല്പം കർക്കശത്വമുണ്ടാകും. അതുമൂലം എല്ലാവരുമായി യോജിച്ചു പോകാൻ ഇവർക്ക് കഴിയില്ല. സത്യസന്ധതയും സദാചാരനിഷ്ഠയും ഉണ്ടാകും. സഹനശക്തി കുറയും. പെട്ടെന്ന് ക്ഷോഭിക്കും. ക്ഷോഭം അധികസമയം നീണ്ടു നിൽക്കുകയില്ല. എല്ലാവരുടെയും തെറ്റുകളും ക്ഷമിക്കാനുള്ള മഹാമനസ്കത കാണിക്കും. അഭിമാനത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും തയാറാവുകയില്ല. അഭിമാനത്തിന് ഭംഗം വരുന്ന സാഹചര്യമുണ്ടായാൽ നാട് വീടുക, ആത്മഹത്യ ചെയ്യുക തുടങ്ങിയവെപ്പറ്റി ചിന്തിക്കും.

 

അന്യരുടെ ചിന്താഗതികൾ വളരെ വേഗം മനസ്സിലാക്കുകയും അതിനനുസരിച്ച് തന്ത്രങ്ങൾക്ക് രൂപം നൽകുകയും ചെയ്യും. ധാരാളം എതിരാളികളുണ്ടാവും. അവരുടെ മുൻപിൽ തലകുനിക്കാനോ വിട്ടു വീഴ്ച ചെയ്ത് ഒത്തുതീർപ്പുണ്ടാക്കാനോ താല്പര്യം കാണിക്കുകയില്ല. ഇതുമൂലമുണ്ടാകുന്ന കഷ്ട നഷ്ടങ്ങളെപ്പറ്റി പരാതിപ്പെടുകയുമില്ല. സ്വതന്ത്രബുദ്ധിയായിരിക്കും.

 

KARTHIKA

കൈവട്ടകയുടെ ആകൃതിയിലുള്ള ആറ് നക്ഷത്രങ്ങൾ ചേർന്നതാണ് കാർത്തിക. കൃർത്തികമാർ എന്ന ആറ് ദേവിമാരുടെ സങ്കൽപ്പമായിട്ടാണ് കാർത്തിക നക്ഷത്രത്തെ കണക്കാക്കുന്നത്. പാർവതീപരമേശ്വര പുത്രനായ കാർത്തികേയനെ ഗർഭത്തിൽ വഹിച്ചത് ഈ കൃർത്തികമാരാണെന്ന് പുരാണങ്ങളിൽ കാണുന്നു. സുര്യനാണ് ദശാനാഥൻ. അഗ്നി ദേവതയാണ്. അസുരഗണത്തിൽ പെട്ട സ്ത്രീ യോനി നക്ഷത്രമാണ് കാർത്തിക. പ്രസന്ന മുഖഭാവം, വിനീതമായ പെരുമാറ്റം എന്നിവ ഈ നാളുകാരുടെ പ്രത്യേകതയാണ്. ദന്തരോഗം, ശിരോരോഗം, നയനരോഗം, വായു, അർശോരോഗം എന്നിവ ബാധിക്കാൻ ഇടയുണ്ട്.

 

ദുർമോഹവും അതിയായ ആദർശവും അഭിമാനബോധവും ഇവരുടെ ജീവിതത്തിൽ നിരവധി പർവർത്തനങ്ങൾക്ക് ഇടയാക്കും. സ്വന്തം വിജയങ്ങളെ പ്രകീർത്തിച്ച് അഭിമാനം കൊള്ളുന്ന ഇക്കൂട്ടർ ദോഷവശങ്ങൾ മനപൂർവം വിസ്മരിക്കുകയാണ് പതിവ്. മറ്റുള്ളവരിലൂടെ ലഭിക്കുന്ന പ്രശസ്തിയും നേട്ടങ്ങളും കാർത്തിക നക്ഷത്രക്കാരെ തൃപ്തിപ്പെടുത്താറില്ല. സ്വന്തം ബുദ്ധി ശക്തിയിൽ നേട്ടം ഉണ്ടാക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്. ഇവരുടെ ബുദ്ധിക്കും പ്രയത്നത്തിനും അനുസൃതമായ ജീവിത വിജയം ഉണ്ടായിക്കാണാറില്ല. മറ്റുള്ളവർക്ക് കഴിയുന്നത്ര സഹായം ചെയ്യണമെന്ന ആഗ്രഹത്തോടെ പ്രവർത്തിച്ചാലും നഷ്ടവും ഇച്ഛാഭംഗവും ആയിരിക്കും ഫലം. എന്നാൽ അധികാരത്തിന്റെ ഉന്നത തലങ്ങളിൽ ഇവർ ഏറെ ശോഭിക്കുന്നതാണ്. കുറ്റക്കാരോട് വളരെ ക്ഷമിക്കുകയും തെറ്റുകളെ ദാക്ഷിണ്യത്തോടെ കാണുകയും ചെയ്യും.

 

വിശാലഹൃദയം, ഭർത്യഭക്തി, വീട്ടുകാര്യങ്ങളിൽ പ്രത്യേക താല്പര്യം എന്നിവ ഈ നക്ഷത്രജാതരായ സ്ത്രീകളുടെ പ്രത്യേകതയാണ്. ആരോഗ്യക്കുറവും വിരഹവും മൂലം ദാന്പത്യജീവിതം പൂർണ്ണമായും ആസ്വദിക്കാൻ ഈ നാളുക്കാർക്ക് കഴിയാതെ വരാറുണ്ട്. പിതാവിനെപ്പറ്റി ഇവർ വളരെ കൂടുതൽ അഭിമാനം കൊ കൊള്ളാറുണ്ടെങ്കിലും കാര്യമായ നേട്ടങ്ങൾ ഉണ്ടാകാറില്ല. എന്നാൽ മാതാവിന്റെ പ്രത്യേക വാത്സല്യത്തിന് പാത്രമാവുകയും അതുവഴി കൂടുതൽ നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതാണ്.

 

അന്പത് വയസ്സുവരെ ഇവരുടെ ജീവിതം പരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കും. എങ്കിലും 25-26 വയസ്സ് ഇവർക്ക് നേട്ടങ്ങൾ ഉണ്ടാക്കും. കാർത്തിക നാളുകാരായ സ്ത്രീകൾക്ക് പൊതുവെ ഭർതൃവിരഹവും പുത്ര ക്ലേശവും കണ്ടുവരുന്നുണ്ട്.

 

ROHINI

രോഹിണി നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് വലിയ പരാജയങ്ങൾ ജീവിതത്തിൽ സംഭവിക്കാറില്ല. അവരിൽ മിക്കവരും ചെറിയ പ്രവർത്തനങ്ങളിൽ തുടങ്ങി പടിപടിയായി ഉയർന്ന് വലിയ പദവികളിൽ എത്തിച്ചേരുന്നതായി ആണു കാണപ്പെടുന്നത്. സൗന്ദര്യവും ആരോഗ്യവും ആകർഷകവുമായ മുഖഭാവവും പെരുമാറ്റ രീതിയും ഉണ്ടാകും. ചെറിയ കാര്യങ്ങൾ കൊണ്ട് ക്ഷോഭിക്കുകയും ആകുലപ്പെടുകയും ചെയ്യും. മനസ്വസ്തത കുറയും. പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കും. വിമർശന ബുദ്ധിയോടാകും എന്തിനെയും സമീപിക്കുക. അന്യരുടെ പോരായ്മകൾ പെട്ടെന്ന് മനസ്സിലാക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യും. ഇതുമൂലം ധാരാളം ശത്രുക്കൾ ഉണ്ടായെന്നു വരാം. അപ്പഴപ്പോഴത്തെ തോന്നലുകളനുസരിച്ചു പ്രവർത്തിക്കും. സുഹൃത്തുക്കൾക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കും. ശത്രുക്കളോട് അങ്ങേയറ്റം കർക്കശമായി പെരുമാറും. അഭിമാന ബോധം കൂടും. സത്യസന്ധതയും സദാചാര നിഷ്ഠയും ഉണ്ടാകും. കൂടുതൽ അറിവു നേടാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും.

 

പണമിടപാടുകളിൽ കരുതലില്ലാതെ പ്രവർത്തിക്കും. വരവ് നോക്കാതെ ചെലവു ചെയ്യുക മൂലം പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകും. പല തൊഴിലുകളിൽ മാറി മാറി ഏർപ്പെടും. ഒന്നിലും ഉറച്ചു നിന്നെന്നു വരികയില്ല. തന്ത്രപൂർവം കാര്യങ്ങൾ ചെയ്യാൻ കഴിവ് കുറയും. സ്വന്തം ഇഷ്ടമനുസരിച്ച് മാത്രമേ ഏതു കാര്യവും ചെയ്യുകയുള്ളൂ. ഇതുമൂലം പല ബുദ്ധിമുട്ടുകളും വന്നുചേരാം.

 

ബാല്യ കാലത്ത് പനി, ശ്വാസകോശ രോഗങ്ങൾ, രക്ത ദൂഷ്യ രോഗങ്ങൾ തുടങ്ങിയവ ഇടയ്കകിടെ അനുഭവപ്പെട്ടുകൊണ്ടിരിക്കും. 30 വയസ്സുവരെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടും. പക്ഷെ ഈ കാലത്ത് ഉന്നത വിദ്യാഭ്യാസം നേടാനും മെച്ചമായ തൊഴിൽ നേടാനും കഴിഞ്ഞെന്നു വരാം. 30 വയസ്സിനും 46 വയസ്സിനും ഇടയ്കുള്ള കാലം പൊതുവെ സന്തോഷകരമായിരിക്കും. കുടുംബസുഖം, സന്താന ഗുണം, ബന്ധു ഗുണം തുടങ്ങിയവ ഈ കാലത്ത് അനുഭവപ്പെടും. ഇഷ്ട്ടത്തിനോത്ത ഒരു ജീവിത പങ്കാളിയെ നേടാനും സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കാനും ഇടയാകും. 46 വയസ്സു മുതൽ 65 വയസ്സു വരെയുള്ള കാലം ആരോഗ്യപരമായി അത്ര മെച്ചപ്പെട്ട കാലമല്ലെങ്കിലും സാന്പത്തികമായി വലിയ ഉയർച്ച നേടാൻ ഈ കാലത്തു കഴിയും. 65 വയസ്സിനു ശേഷമുള്ള കാലം വലിയ ഉയർച്ചയോ താഴ്ച്ചയോ ഇല്ലാത്തതായിരിക്കാം.

 

MAKAYIRAM

മകയിരം നക്ഷത്രത്തിൽ ജനിക്കുന്നവരിൽ അധികം പേരും തീരുമാനങ്ങൾ എടുക്കാൻ വളരെ ഏറെ സമയമെടുക്കുന്നവർ ആണ്. എല്ലാത്തിനെയും സംശയത്തോടുകൂടി നോക്കുന്ന സ്വഭാവമുണ്ടാകും. മനസ്സ് ഇപ്പോഴും ആശങ്കാകുലമായിരിക്കും. അസാധാരണമായ ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടാകും. സുഹൃത്തുക്കൾക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കും. ആർക്കും ഉപദ്രവം ചെയ്യരുതെന്ന് നിർബന്ധമുണ്ടാകും. ആരോടെങ്കിലും വിശ്വാസം തോന്നിയാൽ അവർ പറയുന്നതനുസരിച്ച് പ്രവർത്തിക്കാൻ മടിക്കുകയില്ല. ഇത് പലപ്പോഴും പരാജയങ്ങൾക്കും ധനനഷ്ടത്തിനും കാരണമാവാം. നിഷ്പക്ഷമായി ചിന്തിക്കുന്ന സ്വഭാവമുണ്ടാകും. ശത്രുക്കളെ സ്വാധീനിക്കാൻ പ്രത്യേകമായ കഴിവ് കാണിക്കും. വരവ് നോക്കാതെ ചെലവു ചെയ്യുന്ന സ്വഭാവമുണ്ടാകും. ഇത് പലപ്പോഴും സാന്പത്തിക പ്രതിസന്ധിക്ക് കാരണമാവാം. സ്വന്തം അഭിപ്രായമനുസരിച്ചായിരിക്കും പ്രവർത്തിക്കുക. അന്യരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുമെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത് സ്വന്തം ഇഷ്ട്ടം അനുസരിച്ചായിരിക്കും.

 

ജീവിത പങ്കാളിയുടെ ആരോഗ്യക്കുറവുമൂലം ക്ലേശിക്കേണ്ടി വരും. ആശയപരമായ ഭിന്നതയും കുടുംബത്തിൽ ഉണ്ടാകാവുന്നതാണ്. പക്ഷെ ഉറച്ച ഈശ്വര വിശ്വാസവും അതിൽനിന്നുണ്ടാകുന്ന ആത്മവിശ്വാസവും എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും മോചനം നേടാൻ വഴി തെളിക്കും. മാതൃ കുടുംബത്തിന്റെ സഹകരണം മൂലമായിരിക്കും ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാവുക. വലിയ പ്രവർത്തനങ്ങളിൽ നിന്ന് ഗുണങ്ങൾ ഉണ്ടാകും. ഉദ്യോഗ ജീവിതത്തിനു സാദ്ധ്യതയുണ്ട്. മദ്ധ്യവയസ്സിനു ശേഷമായിരിക്കും ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാവുക.

 

ബാല്യകാലം അത്രമെച്ചമായിരിക്കുകയില്ല.ആരോഗ്യക്കുറവ്, കുടുംബത്തിലെ അസ്വസ്ഥതകൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, തുടങ്ങിയവ കൊണ്ട് 21 വയസ്സ് വരെ പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരും. വിദ്യാഭ്യാസത്തിന് ഈ കാലത്ത് മാന്ദ്യമൊ തടസ്സമോ ഉണ്ടാകും. 21 വയസ്സ് മുതൽ 37 വയസ്സ് വരെയുള്ള കാലം പൊതുവെ അഭിവൃത്തികരമാണ്. തൊഴിൽ ഗുണം, ധനാഭിവൃദ്ധി തുടങ്ങിയവയെല്ലാം ഈ കാലത്ത് പ്രതീക്ഷിക്കാം. 37 വയസ്സിനു ശേഷമായിരിക്കും ജീവിതത്തിൽ കൂടുതൽ നേട്ടങ്ങളും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാവുക. പക്ഷെ ഈ കാലത്ത് സ്വജനവിരോധം സ്വജനങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ തുടങ്ങിയവ ഉണ്ടാകാവുന്നതാണ്. ഇക്കാലത്തുണ്ടാകുന്ന കൂട്ടുകെട്ടുകൾ പലപ്പോഴും ദോഷകരമായി കലാശിച്ചെന്നുവരാം. ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ ഫലങ്ങൾ ഏകദേശം 56 വയസ്സുവരെ തുടരും. അതിനു ശേഷം ജീവിതം പൊതുവെ ശാന്തമായിരിക്കുമെങ്കിലും സാമ്പത്തിക നേട്ടങ്ങൾ പൊതുവെ കുറവായിരിക്കും.

 

THIRUVATHIRA

തിരുവാതിര നാളിൽ ജനിക്കുന്നവർ അധികവും സ്വന്തം കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നവർ ആണ്. അവർ പൊതുകാര്യങ്ങളിൽ താല്പര്യം കാണിക്കുമെങ്കിലും അതിനു പിന്നിൽ ചില സ്വാർത്ഥ ലക്ഷ്യങ്ങൾ ഉണ്ടായെന്നു വരും. കൂടുതൽ ലോകപരിചയവും പ്രായോഗിക ബുദ്ധിയും കർമ്മ ശേഷിയും ഉണ്ടാകും. ആത്മാർഥതയും സത്യസന്ധതയും ഇവരുടെ പ്രത്യേകതകൾ ആണ്. പക്ഷെ അധികം ആളുകളുമായി അടുക്കാൻ അവർ തയ്യാറാകില്ല. മത്സരങ്ങളിൽ നിന്ന് ഒഴിഞ്ഞു നില്ക്കാൻ പ്രത്യേകം ശ്രദ്ധിക്കും. അധികമായ പ്രശസ്തിയോ പ്രതാപമോ ഉണ്ടായെന്നു വരികയില്ല. അതിനായി ശ്രമിക്കുകയുമില്ല. അന്യരുമായുള്ള ഇടപാടുകളിൽ തല്പരരായിരിക്കുമെങ്കിലും ചെറിയ കാര്യം കൊണ്ട് പിണങ്ങുകയും അകലുകയും ചെയ്യം. അതുപോലെ തന്നെ ചെറിയ കാര്യം കൊണ്ട് പലരുമായി സൗഹൃദത്തിൽ ആവുകയും ചെയ്യും. പരിശ്രമശീലമുണ്ടാകും. ഒന്നിലധികം പ്രവർത്തനങ്ങളിൽ ഒരേ സമയത്ത് ഏർപ്പെട്ട് വിജയം നേടും. ഏതു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും അതില്നിന്നുല സാമ്പത്തിക ലാഭത്തെപ്പറ്റിയായിരിക്കും ചിന്തിക്കുക. പ്രശസ്തിയോ, അംഗീകാരമോ നേടണമെന്ന് ആഗ്രഹിക്കുകയില്ല. ആർക്കും കീഴടങ്ങി പ്രവര്തിക്കാൻ തയ്യാറാകത്തതുമൂലം പല പരാജയങ്ങളും നഷ്ടങ്ങളും ജീവിതത്തിൽ ഉണ്ടാകാം. കലാബോധവും ശാസ്ത്രാഭിരുചിയും ഉണ്ടാകും.

 

ധനാഭിവൃദ്ധിക്കായി പല മാർഗ്ഗങ്ങളും സ്വീകരിക്കും. ദൂരയാത്ര ചെയ്യുകയും ദൂരസ്ഥലത്ത് ജോലി ചെയ്തു നേട്ടങ്ങളുണ്ടാക്കുകയും ചെയ്യും. സ്വന്തം കുടുംബവുമായി അടുപ്പക്കുറവുണ്ടാകാം. വിവാഹകാര്യത്തിൽ താല്പര്യക്കുറവും കാണിക്കും. വിവാഹം നടന്നാൽ തന്നെ അത് താമസിച്ചായിരിക്കും. ജീവിത പങ്കാളിയോടുള്ള സമീപനം അല്പം കർക്കശമാകാൻ ഇടയുണ്ട്. ചിലപ്പോൾ ഇത് അകന്നുള്ള താമസത്തിലോ വിവാഹമോചനത്തിലൊ കലാശിച്ചുവെന്നു വരാം. കുടുംബജീവിതത്തിൽ പല അസ്വസ്ഥതകളും ഉണ്ടായെന്നു വരാം. ഇങ്ങനെയൊക്കെയാണെങ്കിലും കുടുംബജീവിതം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ അല്പമൊന്ന് ശ്രദ്ധിച്ചാൽ തിരുവാതിരക്കാർക്ക് കഴിയും. തിരുവാതിര നാളിൽ ജനിച്ച സ്ത്രീകൾക്ക് വിവാഹത്തിന് താമസം, കുടുംബ ജീവിതത്തിൽ അസ്വസ്ഥത, ഭർത്തൃകുടുംബങ്ങളോട് താല്പര്യക്കുറവ്, തുടങ്ങിയ ഉണ്ടാകാവുന്നതാണ്.

 

തിരുവാതിരക്കാർക്ക് ബാല്യകാലത്ത് തുടർച്ചയായി രോഗപീഡകളുണ്ടാവാൻ ഇടയുണ്ട്. 10 വയസ്സ് മുതൽ 26 വയസ്സു വരെയുള്ള കാലം പൊതുവെ നന്നായിരിക്കും. മെച്ചമായ വിദ്യാഭ്യാസം, ജോലി തുടങ്ങിയവ നേടാൻ ഈ കാലത്ത് കഴിയും. 26 വയസ്സു മുതൽ 45 വയസ്സു വരെയുള്ള കാലത്ത് സ്വജനങ്ങളിൽ നിന്നകന്ന് ബുദ്ധിമുട്ടി കഴിയേണ്ടിവരും. ഈ കാലത്ത് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാം. 46 വയസ്സു മുതൽ 62 വയസ്സു വരെയുള്ള കാലം ഗുണദോഷമിശ്രമായിരിക്കും. 63 മുതൽ 70 വരെയുള്ള കാലം അപകടങ്ങൾ, മുറിവ് ചതവുകൾ, രോഗബാധ തുടങ്ങിയവ സൂചിപ്പിക്കുന്നതാണ്. 70 വയസ്സിനു ശേഷം കൂടിത്തൽ ശാന്തിയും സന്തോഷപ്രദവുമായ ജീവിതം പ്രതീക്ഷിക്കാം.

 

PUNARTHAM

ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഇവർ സാമാന്യത്തിൽ കവിഞ്ഞ താല്പര്യം കാണിക്കും. ഈശ്വരഭക്തിയും മതനിഷ്ഠയും ഉണ്ടാകും. ഇടയ്ക്കിടെ അഭിപ്രായം മാറും. പെരുമാറ്റത്തിലും ഈ പ്രത്യേകത പ്രത്യക്ഷപ്പെടും. അടുത്തിടപെടുന്നവർക്കുപോലും ഇവരുടെ സ്വഭാവം ശരിക്കു മനസ്സിലായെന്നു വരികയില്ല. കാരണം കൂടാതെ ക്ഷോഭിയ്ക്കുകയും അതുപോലെ തന്നെ ശാന്തരാവുകയും ചെയ്യും. സത്യസന്ധതയും സദാചാര നിഷ്ഠയും ഉണ്ടാകും. ഇഷ്ടമില്ലാത്ത എന്തിനെയും നിശിതമായി വിമർശിക്കുന്ന സ്വഭാവമുണ്ടാകും. വിരോധം തോന്നുന്നവരോട് വളരെ കഠിനമായി പെരുമാറും. ഗുരുജനങ്ങളെ ആദരിക്കുന്നതിലും അനുസരിക്കുന്നതിലും പുണർതം നാളുകാർ മുൻപന്തിയിലായിരിക്കും. ഏർപ്പെടുന്ന മിക്ക പ്രവർത്തികളിലും വിജയിക്കും. പക്ഷെ വിഷാദാത്മകമായ ഒരു ഭാവം ഇവർക്കുണ്ടാകും. ഉന്നത വിദ്യാഭ്യാസം നേടും. അധ്യാപകർ, ഗ്രന്ഥകാരന്മാർ, ലേഖകർ, എന്നീ നിലകളിൽ വിജയിക്കും. ലളിത ജീവിതം ഇഷ്ടപ്പെടും.

 

ആരോഗ്യത്തെപ്പറ്റി ആകുലപ്പെടുന്ന സ്വഭാവമുണ്ടാകും. ദിനചര്യകൾ പാലിക്കാനും ഔഷധങ്ങൾ യഥാസമയം കഴിക്കാനും പഥ്യമാചാരിക്കാനും പ്രത്യേകം ശ്രദ്ധിക്കും. ബാല്യകാലത്ത് മെച്ചമായ ആരോഗ്യവും കുടുംബസുഖവും അനുഭവപ്പെടും. 10 വയസ്സുമുതൽ 24 വയസ്സുവരെയുള്ള കാലം ഗുണദോഷമിശ്രമായിരിക്കും. ഈ കാലത്ത് ഇടയ്ക്കിടെ ആരോഗ്യക്കുറവ്, മനക്ലേശം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, തുടങ്ങിയവ അനുഭവപ്പെടാൻ ഇടയുണ്ട്. 24 വയസ്സിനു ശേഷം സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുമെങ്കിലും 30 വയസ്സിനു ശേഷമാണ് കൂടുതൽ നേട്ടങ്ങളുണ്ടാവുക. 40 വയസ്സുമുതൽ 50 വയസ്സ് വരെയുള്ള കാലം അത്ര മെച്ചമല്ല. മനക്ലേശം, ധനനഷ്ടം , യാത്രാക്ലേശം, അപകടങ്ങൾ തുടങ്ങിയവ ഈ കാലത്ത് ബാധിക്കും. 50 വയസ്സിനു ശേഷം പൊതുവെ സന്തുഷ്ടമായ ജീവിതം നയിക്കും.

 

വിവാഹജീവിതത്തിൽ പുണർതം നാളുകാർക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ ഇടയുണ്ട്. ജീവിത പങ്കാളിയുടെ ആരോഗ്യക്കുറവുമൂലം ക്ലേശിക്കുക, അഭിപ്രായഭിന്നത മൂലം അകലുക തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ബന്ധുജനങ്ങളുമായുള്ള അഭിപ്രായവ്യത്യാസവും കുടുംബജീവിതത്തിൽ മനക്ലേശം ഉണ്ടാക്കാൻ ഇടയുണ്ട്. സംഭാഷണത്തിൽ കരുതലും മിതത്വവും പാലിച്ചാൽ പുണർതം നാളുകാർക്ക് സന്തുഷ്ടമായ കുടുംബജീവിതം നയിക്കാൻ കഴിയും.

 

POOYAM

പൂയം നാളുകാരെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത അവരുടെ മനസ്സിന് ദൃഡത കുറവായിരിക്കുമെന്നതാണ്. തീരുമാനങ്ങൾ എടുക്കേണ്ടി വരുന്പോൾ അവർ ആശങ്കാകുലരാകുന്നു. ഓരോ തീരുമാനത്തിനും അനുകൂലവും പ്രതികൂലവുമായ ചിന്തകൾ അവരുടെ മനസ്സിലേക്ക് ഇരച്ചു കയറുകയും അവരെ ധർമ്മ സങ്കടത്തിലാക്കുകയും ചെയ്യും. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങൾ പരാജയത്തിലേക്ക് നയിക്കുന്നവയായെന്നും വരാം. വലിയ ആലോചന കൂടാതെ ഓരോന്നിലും എടുത്തു ചാടുന്ന സ്വഭാവം കുറെയെല്ലാം ഇവർക്കുണ്ട്, പക്ഷെ ഏതു പ്രവർത്തനത്തിൽ ഏർപ്പെട്ടാലും അങ്ങേയറ്റം അത്മാർത്ഥതയോടുകൂടി അദ്ധ്വാനിക്കും. പരാജയങ്ങളുണ്ടായാലും ഏർപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയില്ല.

 

അന്യർക്ക് ഉപദ്രവം ചെയ്യുന്നവരെ വെറുക്കുകയും അവരിൽനിന്നും അകന്നു കഴിയാൻ ശ്രമിക്കുകയും ചെയ്യും. നീതിനിഷ്ടയും നിഷ്പക്ഷതയും ഇവരുടെ സ്വഭാവത്തിലെ പ്രത്യേകതകളാണ്. പലവിധ പരിവർത്തനങ്ങളും പൂയം നക്ഷത്രത്തിൽ ജനിച്ചവരുടെ ജീവിതത്തിൽ ഉണ്ടാകും. ബാല്യം അത്ര മെച്ചമായിരിക്കുകയില്ല. സാന്പത്തിക ക്ലേശങ്ങൾ ഈ കാലത്ത് അനുഭവപ്പെടാം. വേണ്ടത്ര നിയന്ത്രണമില്ലാതെ വന്നാൽ ഈ കാലത്ത് തെറ്റായ വഴികളിൽ അകപ്പെട്ടു പോയി എന്ന് വരാം. സ്വന്തം പരിശ്രമം കൊണ്ടായിരിക്കും ജീവിതത്തിൽ നേട്ടങ്ങളുണ്ടാവുക. ഉന്നത വിദ്യാഭ്യാസം നേടും. അസാധാരണമായ ബുദ്ധിശക്തി പൂയം നാളുകാർക്ക് കൈമുതലായുണ്ടാവും. അവർ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കുകയും സന്ദർഭാനുസരണം പ്രതികരിക്കുകയും ചെയ്യും. സ്വാർത്ഥചിന്ത അല്പം കൂടുതൽ ആയിരിക്കും. ഉപകാരസ്മരണ കുറയും. കാര്യ സാദ്ധ്യത്തിനായി ശത്രുക്കളോടു പോലും പുറമേ സ്നേഹം ഭാവിച്ചെന്നു വരും. വിമർശനങ്ങളും അപവാദങ്ങളും നേരിടേണ്ടിവരും.

 

പന്ത്രണ്ടു വയസ്സുവരെയുള്ള ജീവിതം താരതമ്യേന ബുദ്ധിമുട്ടുള്ളതായിരിക്കും. ഈ കാലത്ത് ആരോഗ്യക്കുറവ്, മനക്ലേശം, അപകടങ്ങൾ, മുറിവു ചതവുകൾ തുടങ്ങിയവ ഉണ്ടാകാൻ ഇടയുണ്ട്. 12 വയസ്സിനു ശേഷം 26 വയസ്സുവരെയുള്ള കാലം താരതമ്യേന മെച്ചമായിരിക്കും. ഈ കാലത്ത് ഉന്നത വിദ്യാഭ്യാസം ലഭിക്കാൻ സാദ്ധ്യതയുണ്ട്. ആരോഗ്യം മെച്ചമായിരിക്കും. മതാപിതാക്കളുമായി ഈ കാലത്ത് നല്ല അടുപ്പമുണ്ടാകും. കുടുംബാഭിവൃദ്ധിക്ക് വേണ്ടി അദ്ധ്വാനിക്കും. സ്വന്തമായ ജോലിയും വരുമാനവും ഈ കാലത്ത് ഉണ്ടാകാം. 26 വയസ്സുമുതൽ 33 വയസ്സുവരെയുള്ള കാലം ഗുണദോഷ സമ്മിശ്രമാണ്. സാന്പത്തിക സ്ഥിതി മെച്ചമായിരിക്കുമെങ്കിലും പെട്ടെന്നുള്ള രോഗപീഡ, അപകടങ്ങൾ തുടങ്ങിയവ ഈ കാലത്ത് ഉണ്ടാകാവുന്നതാണ്. അടുത്ത ബന്ധത്തിലുള്ളവരുടെ വേർപാടു മൂലം മനക്ലേശം ഉണ്ടാകാനും സാദ്ധ്യതയുണ്ട്. 33 വയസ്സിനുശേഷം 50 വയസ്സുവരെ എല്ലാവിധത്തിലും അഭിവൃദ്ധി ഉണ്ടാകും. ഈ കാലത്ത് ജനിച്ച വീട്ടിൽനിന്ന് മാറി എന്നുവരാം.

 

പൂയം നക്ഷത്രിൽ ജനിച്ചവരുടെ ദാന്പത്യജീവിതം പൊതുവെ സന്തോഷകരമായിരിക്കും. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ അവർക്ക് ലഭിക്കും. ജീവിത പങ്കാളിയോട് അമിതമായ സ്നേഹവും വിധേയത്വവും ഉണ്ടാകും. സന്താനങ്ങളോടു പ്രത്യേക താല്പര്യം കാണിക്കും.

 

AYILYAM

ആയില്യം നക്ഷത്രത്തിൽ ജനിക്കുന്നവർ കർക്കശമായി പറയുകയും ദയയില്ലാതെ പെരുമാറുകയും ചെയ്യുന്ന സ്വഭാവക്കാരാണ്. വിട്ടുവീഴ്ച്ചാ മനോഭാവം കുറവായിരിക്കും. ഉപകാരസ്മരണയുടെ കാര്യത്തിലും ആയില്യക്കാർ അല്പം പിന്നോക്കമായിട്ടാണ് കാണപ്പെടാറുള്ളത്. ആജ്ഞാശക്തിയും നേതൃത്വം വഹിക്കാനുള്ള കഴിവും ഇവർക്ക് ജന്മസിദ്ധമായുണ്ട്. അധികാരസ്ഥാനങ്ങളിൽ എത്തിച്ചേരാൻ ആഗ്രഹിക്കുകയും അതിനായി അത്യദ്ധ്വാനം ചെയ്യുകയും ചെയ്യും.

 

ആരോടും അടുക്കാത്ത സ്വഭാവമാണ് ആയില്യക്കാർക്കുള്ളത്.നിർബന്ധബുദ്ധി കൂടും. പിണക്കം തോന്നുന്നവരോട് വളരെ ക്രൂരമായി പെരുമാറും. അവരിൽനിന്ന് അകന്നുകഴിയാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. എപ്പോഴും ഗൗരവഭാവം മുഖത്തുണ്ടാകും. പക്ഷെ വളരെ അടുപ്പമുള്ളവരുടെ മുൻപിൽ എല്ലാം തുറന്നു പറയുന്ന സ്വഭാവമുണ്ടാകും. ആശങ്കയും ഭയവും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. വളരെ ചുരുക്കം ആളുകളെ മാത്രമേ ആത്മാർഥമായി സ്നേഹിച്ചെന്നു വരൂ. ആരെയും പൂർണ്ണമായി വിശ്വസിക്കുകയില്ല.

 

ധനാഭിവൃദ്ധിക്കായി അത്യദ്ധ്വാനം ചെയ്യുന്നതിനോടൊപ്പം ആർഭാടങ്ങൾക്കു വേണ്ടി അമിതമായി ചെലവു ചെയ്യുന്ന സ്വഭാവവും ഉണ്ടാകും. നിയന്ത്രണങ്ങൾ ഇഷ്ട്ടപ്പെടുകയില്ല. സ്വന്തം ഇഷ്ടം അനുസരിച്ച് പ്രവർത്തിക്കാൻ ആരെങ്കിലും തടസ്സം നിന്നാൽ അവരിൽ നിന്ന് ഒഴിഞ്ഞു മാറുകയും അവരെ വെറുക്കുകയും ചെയ്യും. എല്ലാം സമ്മതിച്ചു കൊടുക്കുന്നവരെ മാത്രമേ സുഹൃത്തുക്കളായി അംഗീകരിക്കൂ. അവരെ സഹായിക്കാൻ എപ്പോഴും സന്നദ്ധത കാണിക്കും.

 

ധനവും ഭാഗ്യവും ഉണ്ടാവും. പെട്ടെന്ന് ക്ഷോഭിച്ച് സാഹസപ്രവർത്തികൾ ചെയ്തെന്നു വരും. ഇതുമൂലം പൊതുപ്രവർത്തനങ്ങളിൽ അത്രയൊന്നും വിജയിച്ചെന്നു വരികയില്ല. എല്ലാ പ്രവർത്തനങ്ങളും ചിട്ടയായി ചെയ്യണമെന്ന് നിർബന്ധമുണ്ടാകും. ദാമ്പത്യജീവിതം പൊതുവെ സന്തോഷകരമായിരിക്കും. പക്ഷെ എന്തെങ്കിലും അസ്വസ്ഥതയോ ക്ലേശമോ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. വിവാഹത്തിന് കാലതാമസം വരാം. വിവാഹത്തിനു ശേഷം ഇടയ്ക്ക് ജീവിതപങ്കാളിയുമായി അകന്നു കഴിയാൻ സാഹചര്യമുണ്ടാകും.

 

8 വയസ്സുവരെ ശാന്തമായ ജീവിതം നയിക്കും. 9 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കാലം ആരോഗ്യക്കുറവ്, മുറിവു ചതവുകൾ, അപകടങ്ങള, തുടങ്ങിയവ മൂലം ബുദ്ധിമുട്ടുള്ളതാവാം. 17 വയസ്സു മുതൽ 36 വയസ്സു വരെയുള്ള കാലം പൊതുവെ ഗുണകരമാണ്. ഈ കാലത്ത് വിദ്യാഗുണം, തൊഴിൽ ലാഭം, വിവാഹം, സന്താനലാഭം തുടങ്ങിയവയെല്ലാം അനുഭവപ്പെടും. 37 വയസ്സുമുതൽ 42 വയസ്സുവരെയുള്ള കാലം അദ്ധ്വാനക്കൂടുതൽ അനുഭവപ്പെടുന്ന കാലമാണ്. അതിനു ശേഷം സ്ഥിതിഗതികൾ കൂടുതൽ അനുകൂലമായിരിക്കും. 52 വയസ്സിനും 59 വയസ്സിനും ഇടയ്ക്കുള്ള കാലം മാത്രം അല്പം ബുദ്ധിമുട്ടുള്ളതായിരിക്കും.

 

MAKAM

മകം നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീകൾ ഭഗ്യവതികളായിരിക്കുമെന്നും പുരുഷന്മാർക്ക് ഈ നക്ഷത്രം അത്ര മെച്ചമല്ലെന്നും അഭിപ്രായമുണ്ട്. ബുദ്ധി സാമർഥ്യവും കഴിവും മകം നാളുകാരുടെ പ്രത്യേകതകളാണ്. അധികം തടിക്കാത്ത ശരീരപ്രകൃതിയും അധികം ഉയരമില്ലായ്മയും ഉണ്ടാകാം. സദാചാരനിഷ്ഠയും സത്യസന്ധതയും ഉണ്ടാകും. ധാരാളം നല്ല സുഹൃത്തുക്കളുണ്ടാകും. ഉറച്ച ഈശ്വരവിശ്വാസവും മതനിഷ്ഠയും ഉണ്ടാകും. എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്ന മനോഭാവക്കാരായിരിക്കും. അതുമൂലം മനസമാധാനവും ശാന്തിയും സമചിത്തതയും കൈവരിക്കും.

 

പുതിയ കാര്യങ്ങൾ കണ്ടു പിടിക്കുന്നതിനും അത് പ്രയോഗത്തിൽ വരുത്തുന്നതിനും ശ്രമിക്കും. അദ്ധ്യാപകൻ, ഉപദേഷ്ടാവ് എന്നീ നിലകളിൽ വളരെ ശോഭിക്കും. സംഭാഷണത്തിൽ മിതത്വം പാലിക്കും. ആദർശ നിഷ്ഠയും ഉണ്ടാകും. സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും അന്യർക്ക് ഉപദേശം കൊടുക്കുക. തന്ത്രശാലികളായവരിൽ നിന്ന് അകന്ന് കഴിയാൻ ശ്രമിക്കും. ചീത്തവഴികളിൽ നടക്കുന്നവരെ വെറുക്കും. ശുദ്ധഹൃദയരും ചെറിയ കാര്യം കൊണ്ട് ക്ഷോഭിക്കുന്നവരും ആയിരിക്കും.സ്വാർത്ഥ ചിന്ത കുറയും. ഏതു ജോലിയിൽ എർപ്പെട്ടാലും തികഞ്ഞ ആത്മാർത്തതയോടു കൂടി പ്രവർത്തിക്കും. പക്ഷെ ഉദ്ദേശിക്കുന്ന അത്ര വിജയം പ്രവർത്തനങ്ങളിൽ ഉണ്ടായെന്നു വരികയില്ല.

 

മകം നാളുകാർ അസാധാരണമായ ഇച്ഛാശക്തിയും പതറാത്ത മനസ്സും ഉള്ളവരാണ്. കാര്യങ്ങൾ ആലോചിച്ചുറച്ചു കഴിഞ്ഞാൽ പിന്നീടുണ്ടാകുന്ന സാഹചര്യങ്ങൾ എന്തുതന്നെ ആയാലും അതിൽതന്നെ ഉറച്ചു നിൽക്കും. എതിർക്കുന്നവരോട് നിർദ്ദാക്ഷണ്യമായി പെരുമാറും. പക്ഷെ സ്നേഹം തോന്നുന്നവർക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കാനും തയ്യാറാകും.

 

വിവാഹത്തിന് കാലതാമസം വരാം. വിവാഹജീവിതത്തിൽ ചില അസ്വസ്ഥതകൾ അനുഭവപ്പെടാൻ ഇടയുണ്ട്. എന്നിരുന്നാലും പൊതുവെ സന്തോഷകരമായ കുടുംബജീവിതമായിരിക്കും ഉണ്ടാകുക. മകം നാളിൽ ജനിച്ച സ്ത്രീകൾ ഭർതൃപരിചരണത്തിൽ പ്രത്യേകം താല്പര്യം കാണിക്കും.

 

മകം നാളുകാർക്ക് ബാല്യകാലത്ത് രോഗപീഡകളും അപകടങ്ങളും ഉണ്ടാവാം. 4 വയസ്സിനു ശേഷം പൊതുവെ ആരോഗ്യം മെച്ചമാവാം. ഏകദേശം 24 വയസ്സുവരെ സുഖജീവിതം നയിക്കും. അതിനു ശേഷമുള്ള കാലം സുഖദുഃഖമിശ്രമായിരിക്കും. 30 വയസ്സുവരെയുള്ള കാലത്ത് യാത്രാ ക്ലേശം, അദ്ധ്വാനക്കൂടുതൽ തുടങ്ങിയവയുണ്ടാകും. 30 വയസ്സു മുതൽ 40 വയസ്സു വരെയുള്ള കാലത്ത് സന്താനഗുണം, ബന്ധുഗുണം, കുടുംബ സുഖം തുടങ്ങിയവ അനുഭവപ്പെടും. 40 വയസ്സു മുതൽ 65 വയസ്സുവരെയുള്ള കാലത്ത് പലവിധമാറ്റങ്ങളും ജീവിതത്തിലുണ്ടാകും. കുടുംബജീവിതത്തിൽ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും അതോടൊപ്പം അഭിവൃദ്ധിയും ഉണ്ടാകും. 65 വയസ്സിനു ശേഷമുള്ള കാലം പൊതുവെ ശാന്തവും, സന്തോഷപൂർണ്ണവും ആയിരിക്കുമെങ്കിലും ഈ കാലത്ത് ഒന്നിലധികം സ്ഥലത്ത് മാറിമാറി താമസിക്കാൻ ഇടയാകും.

 

POORAM

ഈ നാളുകാർ പൊതുവെ ഗൌരവഭാവക്കാരായിരിക്കും. പ്രശസ്തിയും പദവിയും നേടും. സൗന്ദര്യവും ശരീരപുഷ്ടിയും ഉണ്ടാകും. ബുദ്ധി സാമർത്ഥ്യവും സന്ദർഭാനുസരണം പ്രവർത്തിക്കാനുള്ള കഴിവും ഉള്ളവരായിരിക്കും. പെട്ടെന്ന് ക്ഷോഭിക്കുകയും അതുപോലെ തന്നെ ശാന്തരാകുകയും ചെയ്യും. എല്ലാത്തരക്കാരോടും ഇടപെടാൻ അസാധാരണമായ കഴിവുണ്ടാകും.

 

അന്യരുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കാൻ അവർ മടി കാണിക്കും. ഇതുമൂലം ധാരാളം ശത്രുക്കള ഉണ്ടായെന്നു വരും. മാന്യമായി പെരുമാറാനും, സ്വന്തം നില ഭദ്രമാക്കാനും, തെറ്റു കുറ്റങ്ങൾ ആരോപിക്കപ്പെടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കും. കഴിവതും ആരോടും കലഹിക്കാതിരിക്കാൻ പ്രത്യേകം ശ്രമിക്കും. പക്ഷെ ആദർശങ്ങളുടെ പേരിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും.

 

എല്ലാ പ്രവർത്തനങ്ങളിലും പൂരക്കാർ വിജയിക്കാറുണ്ട്. അധികാരസ്ഥാനങ്ങളിലെത്താൻ പ്രത്യേക താല്പര്യം കാണിക്കും. അത്തരം സ്ഥാനങ്ങളിൽ വളരെ ശോഭിക്കും. കലാവാസനയുണ്ടാകും. ഗ്രന്ഥ പാരായണത്തിൽ താല്പര്യം കാണിക്കും. സത്യസന്ധതയും സദാചാരനിഷ്ഠയും വാക്കുപാലിക്കുന്ന സ്വഭാവവും ഉണ്ടാകും. കർത്തവ്യങ്ങൾ ഭംഗിയായി നിർവഹിക്കണമെന്ന് നിർബന്ധമുണ്ടാകും. യാദൃശ്ചികസംഭവങ്ങൾ മൂലം പലപ്പോഴും ഉദ്ദേശിച്ചത്ര നേട്ടം കൈവരിക്കാൻ കഴിഞ്ഞെന്നു വരികയില്ല.

 

മദ്ധ്യവയസ്സുവരെ ഉയർച്ച താഴ്ച്ചകൾ ഒന്നിടവിട്ട് ഉണ്ടായിക്കൊണ്ടിരിക്കും. 12 വയസ്സുവരെയുള്ള കാലം പൊതുവെ സന്തോഷപ്രദമായിരിക്കും. പക്ഷെ വിദ്യാഭ്യാസ കാലമായ 12 മുതൽ 18 വയസ്സുവരെയുള്ള കാലം തികഞ്ഞ വിജയമോ പരാജയമോ ആയിരിക്കുകയില്ല. 18 വയസ്സിനു ശേഷം 30 വയസ്സുവരെയുള്ള കാലം വിദ്യാഗുണം, തൊഴിൽഗുണം, വിവാഹം, കുടുംബസുഖം, സന്താനഗുണം, തുടങ്ങിയവ സൂചിപ്പിക്കുന്നതാണ്. 20, 30, 33 എന്നീ വയസ്സുകളിൽ സുപ്രധാനമായ പല മാറ്റങ്ങളും ജീവിതത്തിൽ സംഭവിച്ചെന്നു വരും. 30 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള കാലത്ത് ഭൂസ്വത്ത്, പുതിയ വീട് തുടങ്ങിയവും സാന്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകാൻ ഇടയുണ്ട്. 40 വയസ്സിനു ശേഷമുള്ള ജീവിതം പൊതുവെ ശാന്തവും സന്തോഷകരവും ആയിരിക്കും.

 

പൂരം നാളുകാരുടെ ദാന്പത്യജീവിതം പൊതുവെ സന്തോഷകരമായിരിക്കും. എന്നിരുന്നാലും ചില പൂരം നാളുകാർക്ക് വിവാഹ ജീവിതത്തിൽ അപൂർണ്ണത അനുഭവപ്പെടുകയോ വിവാഹ ജീവിതം തന്നെ തകർന്നു പോകുകയോ ചെയ്യാം. പൂരം നാളിൽ ജനിച്ച സ്ത്രീകൾക്ക് തന്റേടക്കൂടുതലുണ്ടാകാം. അതുമൂലം കുടുംബജീവിതം അസ്വസ്ഥമായി എന്നുവരാവുന്നതാണ്. പ്രേമബന്ധങ്ങൾ തകരുക, ഉദ്ദേശിച്ച വിവാഹം നടക്കാതെ വരിക തുടങ്ങിയ ദോഷങ്ങളും പൂരം നാളിൽ ജനിച്ചവർക്ക് ഉണ്ടാകാറുണ്ട്.

 

UTHRAM

ഉത്രം നക്ഷത്രത്തിൽ ജനിക്കുന്നവർ ഉയർന്ന പദവിയിൽ എത്തുമെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. സൗഭാഗ്യവും, ധനവും, ഐശര്യവും ഉത്രം നാളുകാർക്ക് സാധാരണ ഗതിയിൽ അനുഭവത്തിൽ വരും. സൗന്ദര്യവും ആരോഗ്യവും ഉണ്ടാകും. ഭൗതികസുഖങ്ങൾ പൂർണ്ണമായി അനുഭവിക്കണമെന്ന് ആഗ്രഹമുള്ളവരായിരിക്കും ഇവർ. ആഹാര കാര്യത്തിൽ നിഷ്ഠയുണ്ടാകും. സുഖഭക്ഷണത്തിൽ ശ്രദ്ധിക്കും. സത്യസന്ധതയും സദാചാരനിഷ്ഠയും ഉണ്ടാകും. അന്യരെ സഹായിക്കാൻ ഇപ്പോഴും സന്നദ്ധത കാണിക്കും. വക്രബുദ്ധി കുറയും. പെട്ടെന്ന് കോപിക്കുകയും അതുപോലെ തന്നെ ശാന്തതപ്പെടുകയും ചെയ്യും.

 

ഉത്രം നാളുകാർക്ക് ജീവിതത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതരാവും. പ്രായോഗിക ബുദ്ധി കൂടും. ഒന്ന് കൊണ്ടും മനസ്സ്മടുക്കുകയില്ല. സ്വാശ്രയബുദ്ധി കൂടും. ഉന്നത വിദ്യാഭ്യാസം നേടും. വിദ്യാപരമായ തൊഴിലിൽ ഏർപ്പെടും. സാമ്പത്തികമായി നല്ല ഉയർച്ച നേടും.

Latest Blogs